കണ്ണൂര്: തെരഞ്ഞെടുപ്പിനു പിന്നാലെ പയ്യന്നൂരിൽ അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ എഡിഎം സമാധാനയോഗം വിളിച്ചു. പയ്യന്നൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ഇന്ന് വൈകുന്നേരം ചേരുന്ന യോഗത്തിൽ എല്ലാ കക്ഷികളും പങ്കെടുക്കണമെന്ന് ജില്ലാഭരണകൂടം അഭ്യർഥിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസവും പയ്യന്നൂരിൽ പരക്കെ അക്രമം തുടരുകയാണ്. സ്വതന്ത്രസ്ഥാനാർഥി വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ചെന്ന പേരിൽ സിപിഎം പ്രവർത്തകൻ ടി.പുരുഷോത്തമന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചശേഷം പുറത്തു നിർത്തിയിട്ട കാർ അക്രമികൾ കത്തിച്ചു.
ഇന്നലെ വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആളുടെ കാറും കത്തിക്കാൻ ശ്രമമുണ്ടായി. കാങ്കോലിൽ വി.കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ ഷെഡിനും അക്രമികൾ തീയിട്ടിരുന്നു. ഇതിനു പിന്നാലെ മയ്യിലിൽ മുസ്ലിം ലീഗ് ഓഫീസിനു നേരെയും ആക്രമണമുണ്ടായി.
തുടർ സംഘർഷം ഒഴിവാക്കാനാണ് രാഷ്ട്രീയപാർട്ടികളുടെ സമാധാനയോഗം വിളിച്ചത്. അക്രമികൾക്കെതിരെ കടത്ത നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.